
കോട്ടയം: കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കി ചാക്കിൽകെട്ടി തള്ളിയ കേസിൽ യുവതിയും ഭർത്താവും കുറ്റക്കാരെന്ന് കോടതി. പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷി (34)നെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എം.ആർ. വിനോദ്കുമാർ (46), ഭാര്യ കുഞ്ഞുമോൾ (44) എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. കുഞ്ഞുമോളുമായി പ്രണയത്തിലാകുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തതിന്റെ പകയിലാണ് വിനോദ്കുമാർ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഭർത്താവിന്റെ പദ്ധതികൾക്ക് ഭാര്യയും കൂട്ടുനിൽക്കുകയായിരുന്നു. സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോട്ടയം അഡിഷണൽ സെഷൻസ് കോടതി - 2 ജഡ്ജി ജെ. നാസർ വിധിച്ചത്. പ്രതികളുടെ ശിക്ഷ പിന്നീട് വിധിക്കും.
2017 ഓഗസ്റ്റ് 23-ന് രാത്രിയിലാണ് പ്രതികൾ രണ്ടുപേരും ചേർന്ന് സന്തോഷിനെ കൊലപ്പെടുത്തിയത്. കുഞ്ഞുമോളുടെ ഫോണിൽ നിന്നും വിളിച്ചതനുസരിച്ചാണ് സന്തോഷ് ഇവരുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു വിനോദും കുഞ്ഞുമോളും ചേർന്ന് ഓട്ടോറിക്ഷയിൽ ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ് 27 നാണ് കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നും തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രതികൾ അറസ്റ്റിലായി. അതിന് ശേഷമാണ് 28-ാം തീയതി തല സമീപത്തെ തുരുത്തേൽ പാലത്തിന് സമീപത്തു നിന്നും കിട്ടിയത്. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും , കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിൽ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്..
പിതാവിനെ ചവിട്ടിക്കൊന്നകേസിൽ വിനോദ്കുമാർ ജയിലിൽ ചെല്ലുമ്പോൾ സന്തോഷും അവിടെ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. തുടർന്ന് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ്, വിവരമറിഞ്ഞ് സന്തോഷിനെ കൊല്ലാൻ തീരുമാനിച്ചു. ഇതിനായി നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും, ഭാര്യയും കേസിലെ പ്രതിയുമായ കുഞ്ഞുമോളെക്കൊണ്ട്, ഭർത്താവില്ലെന്നും രാത്രിവരണമെന്നും പറഞ്ഞ് സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി.
രാത്രിയെത്തിയ സന്തോഷ് സിറ്റൗട്ടിലെ കസേരയിൽ സംസാരിച്ചിരിക്കുന്നതിനിടെ പിന്നിലൂടെയെത്തിയ വിനോദ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു. ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിനാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട സന്തോഷും പ്രതിയാണ്.
സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.സിദ്ധാർത്ഥ എസ് എന്നിവരാണ് ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത്കുമാറാണ് ഹാജരായത്.










